പരവൂർ: മംഗളൂരുവിൽ നിന്ന് കേരളം വഴി ചെന്നൈക്ക് എക്സ്പ്രസ് പാഴ്സൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ ദക്ഷിണ റെയിൽവേ. പാഴ്സലുകൾ മാത്രം അതിവേഗം എത്തിക്കുന്നതിനാണ് ഈ ട്രെയിൻ തുടങ്ങുന്നത്.
ഡിസംബർ 12ന് സർവീസ് ആരംഭിക്കുമെന്നാണ് സതേൺ റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. ഇൻട്രാ സോണൽ കോസ്റ്റ് ടു കോസ്റ്റ് പാഴ്സൽ എക്സ്പ്രസ് ട്രെയിൻ എന്നാണ് ഇത് അറിയപ്പെടുക. മംഗളൂരു സെൻട്രൽ മുതൽ ചെന്നൈയിലെ റോയപുരം വരെയും തിരികെയുമാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
തെക്കേ ഇന്ത്യയിലെ കർണാടക, കേരളം, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ ട്രെയിൻ. മംഗളൂരു -ചെന്നൈ റോയപുരം ട്രെയിൻ വെള്ളിയാഴ്ചകളിലും തിരികെയുള്ള സർവീസ് ചൊവ്വാഴ്ചകളിലുമാണ് നിശ്ചയിച്ചിട്ടുള്ളത്.
സേലം, ഈറോഡ്, ഉതുക്കുളി, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. മംഗളൂരുവിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.10 ന് പാഴ്സൽ ട്രെയിൻ സർവിസ് ആരംഭിക്കും. റോയപുരത്ത് പിറ്റേ ദിവസം ഉച്ചയ്ക്ക് 1.30ന് എത്തും. തിരികെയുള്ള സർവീസ് ചൊവ്വാഴ്ചകളിൽ റോയപുരത്ത് നിന്ന് ഉച്ചകഴിഞ്ഞ് 3.45 ന് പുറപ്പെടും. പിറ്റേദിവസം ഉച്ചകഴിഞ്ഞ് 2.20 ന് മംഗളൂരുവിൽ എത്തിച്ചേരും.
പാഴ്സലുകൾ കയറ്റുന്നതിനും ഇറക്കുന്നതിനുമായി സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും ഏറ്റവും കുറഞ്ഞത് അഞ്ച് മിനിറ്റ് ഈ ട്രെയിൻ നിർത്തിയിടും. ഉയർന്ന കപ്പാസിറ്റിയുള്ള 10 പാഴ്സൽ വാനുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളുമാണ് ട്രെയിനിൽ ഉണ്ടാകുക.
ഇന്ത്യൻ റെയിൽവേ ഇത്തരത്തിലൊരു ട്രെയിൻ ആദ്യമായാണ് ഓടിക്കുന്നത്. പാഴ്സലുകൾ സമയബന്ധിതമായി എത്തിക്കുന്നതിന് ചെലവ് കുറഞ്ഞതും വിശ്വനീയവുമായ സേവനമാണ് ദക്ഷിണ റെയിൽവേ ഇതുവഴി വാഗ്ദാനം ചെയ്യുന്നത്. റോഡു വഴി പാർസലുകൾ അയക്കുന്നതിനെക്കാൾ ചെലവ് വളരെ കുറവാണെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.
പെട്ടെന്ന് കേടാകുന്ന വസ്തുക്കൾ, വ്യാവസായിക ആവശ്യത്തിനുള്ള സാമഗ്രികൾ, തുണിത്തരങ്ങൾ, ഉപഭോക്തൃ ഉത്പന്നങ്ങൾ തുടങ്ങിയവ ഈ ട്രെയിനിലൂടെ പാഴ്സലായി വളരെ വേഗം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ സാധിക്കും. ട്രെയിൻ കൃത്യസമയത്ത് ഓടിക്കുമെന്നും പ്രത്യേകം ഏകോപിപ്പിച്ചുള്ള ലോജിസ്റ്റിക് വിതരണം ഗ്യാരന്റി ചെയ്യുമെന്നും റെയിൽവേ ഉറപ്പ് പറയുന്നു.